15/02/2017
പ്രണയത്തിന്‍റെ നീലാംബരി
****************************************
"കുട്ടീ...ഈ ചുവന്ന കല്ലുള്ള മോതിരം കണ്ടോ ഇതെന്‍റെ സുല്‍ത്താന്‍ അണിയിച്ചതാണ്...കുതിരപ്പുറത്തേറി വന്ന് എന്‍റെ മനംകവര്‍ന്ന കള്ളക്കാമുകന്‍...."
പനിനീര്‍പ്പൂ പോലെ മൃദുലമായ കൈവിരലുകള്‍ എന്‍റെ നേരേ നീട്ടി ആയമ്മ പറഞ്ഞു. ഞാനാ വിരലുകളില്‍ മെല്ലെ തൊട്ടു...പ്രണയത്തിന്‍റെ വിദ്യുത് തരംഗം എന്നിലേക്ക് പ്രവഹിച്ചതുപോലെ ഞാനും ആ പ്രണയ ചക്രവര്‍ത്തിനിയെ പ്രണയാര്‍ദ്രയായി നോക്കിയിരുന്നു....
"എന്‍റെ സുല്‍ത്താന്‍ ഇനിയുമെത്തും ... എന്നെ കൊണ്ടുപോകാന്‍ .... അവന്‍ സൂര്യതേജസ് പോലെ ..."
ലജ്ജ കൊണ്ട് അരുണാഭമായ ആ കവിളുകളില്‍ നിന്ന് രക്തം കിനിയുന്നുണ്ടെന്നെനിക്ക് തോന്നി....പ്രായത്തിന്‍റെ ചുളിവുകളേശാത്ത ആ മുഖത്തു നോക്കിയിരിക്കാന്‍ തന്നെ എന്തു രസമാണ്...സത്യായിട്ടും ഇത്രയും നിഷ്ക്കളങ്കവും സ്നേഹോഷ്മളവുമായി പെരുമാറുന്ന ഒരു പ്രണയിനിയെ ഞാന്‍ കണ്ടിട്ടേയില്ല.
കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടിയെക്കാണാന്‍ അനുവാദം ചോദിച്ച് കടവന്ത്രയിലെ ഫ്ലാറ്റിലേക്ക് 2002- ല്‍ വിളിക്കുമ്പോള്‍, സഹായിയായ അമ്മുവാണ് ഫോണ്‍ എടുത്തത്. എനിക്ക് അമ്മയോട് സംസാരിക്കണമെന്നു പറഞ്ഞപ്പോള്‍ ആദ്യം ഉറക്കത്തിലാണെന്നു പറഞ്ഞു. പത്രക്കാരിയാണെന്നു പറഞ്ഞപ്പോള്‍ അമ്മ ലൈനില്‍ വന്നു എനിക്ക് അനുവാദവും കിട്ടി.
മതം മാറ്റത്തെതുടര്‍ന്ന് ഫോണിലൂടെയുള്ള നിരന്തമായ ശകാരങ്ങളും ചീത്തവിളികളും മൂലം കമലാ സുരയ്യ ഫോണ്‍ അറ്റന്‍ഡ് ചെയ്യുമായിരുന്നില്ല. ഫ്ലാറ്റിനു ചുറ്റും കാവല്‍ക്കാരുണ്ടായിരുന്നുവെങ്കിലും ആരും എന്നെ തടയാന്‍ മുതിര്‍ന്നില്ല.
മാധവിക്കുട്ടി എന്ന എഴുത്തുകാരി അക്ഷരങ്ങളായി എന്നുള്ളില്‍ പെയ്യിച്ച ഇമ്പമുള്ള പ്രണയഗീതവും നയനമനോഹരപൂക്കള്‍ നിറഞ്ഞ പ്രണയത്താഴ്വരയും പേറിയാണ് ഞാന്‍ ആയമ്മയെ കാണാന്‍ കടവന്ത്രയിലെ ഫ്ലാറ്റിലെത്തിയത്.ഒപ്പം അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചുവന്ന കുപ്പിവളകളും സമ്മാനമായി കരുതി. അവരുടെ എഴുത്തുകളെ നിര്‍ദാക്ഷിണ്യം പുച്ഛിച്ചു തള്ളിയ മാന്യന്‍മാരുടെ വചനങ്ങള്‍ എന്‍റെ ഉള്ളില്‍ ആശങ്കയായി അപ്പോഴും നിന്നിരുന്നു.
സ്വീകരണ മുറിയില്‍ ഇരുന്ന് വിശേഷങ്ങള്‍ പങ്കുവച്ച അമ്മ, ഇരുന്നു മടുത്തപ്പോള്‍ കിടപ്പുമുറിയില്‍ നടു നിവര്‍ത്തി പിന്നെയും ഏറെ നേരം സ്വപ്നങ്ങള്‍ പങ്കു വച്ചു. ഞാനും ആ സ്വപ്ന ലോകത്തില്‍ അങ്ങനെ പറന്നു നടന്നു. എത്ര കേട്ടാലും ബോറടിക്കാത്ത സംസാരം...ഇടയ്ക്കിടെ നല്ലൊരു ആതിഥേയയായിമാറി ... ഫ്രെഷ് ജ്യൂസും കൊറിക്കാനുള്ള പലഹാരങ്ങളും അമ്മുവിനെ വിളിച്ച് എനിക്ക് നല്‍കിക്കൊണ്ടിരുന്നു.
ഉച്ചയൂണും ഞങ്ങള്‍ ഒപ്പമായിരുന്നു...രണ്ടു തരം പായസം കൂട്ടിയുള്ള നാടന്‍ സദ്യ. പ്രമേഹമുള്ളതിനാല്‍ അമ്മ പായസം കുടിച്ചിരുന്നില്ല അതിഥികളെ സത്ക്കരിക്കാനായി എന്നും ഊണിന് പായസം ഉണ്ടാക്കാന്‍ അമ്മ നിര്‍ദേശിച്ചിരുന്നു. അരമണിക്കൂര്‍ സമയം ചോദിച്ചെത്തിയ ഞാന്‍ അമ്മയുടെ ആ പകല്‍ മുഴുവന്‍ സ്വന്തമാക്കി മടങ്ങുമ്പോള്‍ ഏറ്റവും വേണ്ടപ്പെട്ടയാളെ പിരിയുന്ന വേദനയായിരുന്നു എനിക്ക്.
മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതി അന്താരാഷ്ട്ര പ്രശസ്തി നേടിയ ഒരേ ഒരു ഇന്ത്യന്‍ എഴുത്തുകാരിയെ നമുക്കുള്ളൂ - അതാണ് മാധവിക്കുട്ടി/കമലാദാസ്/കമല സുരയ്യ.
പത്താം ക്ലാസില്‍ എഴുതി തുടങ്ങിയ കമല എഴുത്തിന്‍റെ വഴിയില്‍ എന്നും വേറിട്ടു നിന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും രഹസ്യമായി പരസ്പരം പങ്കു വയ്ക്കുമെങ്കിലും പല സ്ത്രീകളും പുറത്തു പറയാന്‍ മടിക്കുന്ന, സ്ത്രീകളുടെ
പ്രണയം, വിരഹം, രതി, സ്നേഹം എന്നുവേണ്ട സഹതാപം, സന്തോഷം, സാന്ത്വനം, ചതി എന്നിങ്ങനെ ജീവിതത്തിലെ എല്ലാ തലങ്ങളെയും മാധവിക്കുട്ടി തന്‍റെ രചനകളില്‍ തുറന്നു കാട്ടിയിരുന്നു. അതുകൊണ്ടു തന്നെ ഓരോ കഥയും തങ്ങളുടെ ആത്മകഥാംശമാണോയെന്ന് സ്ത്രീകള്‍ ആശങ്കപ്പെട്ടിരുന്നു.
തിരസ്ക്കരിക്കപ്പെട്ടതോ തിരിച്ചറിയപ്പെടാത്തതോ ആയ സ്ത്രീ ഹൃദയം കഥകളായും കവിതകളായും പുനര്‍ജനിച്ചു. സ്ത്രീയുടെ ജീവിതവും മനസ്സും ഉള്‍ക്കൊള്ളുന്ന അഗാധവും സൂക്ഷ്മവുമായ രചനകളായിരുന്നു എല്ലാം. ലൈംഗികതയും പ്രണയവും മൂടിവയ്ക്കാതെ സ്ത്രീയുടെ ആന്തരികവും വൈകാരികവുമായ പച്ചയായ ലോകം തുറന്നു കാട്ടാന്‍ ധൈര്യം കാണിച്ച മാധവിക്കുട്ടിയുടെ ‘എന്‍റെ കഥ’ മലയാളിയുടെ സദാചാരബോധത്തെ വെല്ലുവിളിക്കുന്നതായിരുന്നു. അതുകൊണ്ടു തന്നെ പുരുഷാധിപത്യ സമൂഹത്തില്‍ നിന്നും മറ്റൊരു എഴുത്തുകാരിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത അപവാദങ്ങളും ഭര്‍ത്സനങ്ങളും അവര്‍ക്ക് അനുഭവിക്കേണ്ടി വന്നു. അഗാധമായ സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും എഴുതിക്കൊണ്ട് തന്നെ അവര്‍ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച്, സ്ത്രീമനസില്‍ ചിരപ്രതിഷ്ഠ നേടി.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള സ്ത്രീയുടെ അധമ്യമായ ദാഹം അവര്‍ ഭാവനയിലൂടെ, പുറംലോകത്തെത്തിച്ചു. അതു വീണ്ടും വീണ്ടും വായിച്ച് സ്ത്രീ മനസുകളും തൃപ്തിയടഞ്ഞു.
മാധവിക്കുട്ടിയുടെ എണ്ണിയാല്‍ തീരാത്ത കഥകളില്‍ കൂടി സഞ്ചരിച്ചവര്‍ ഉന്മാദിനിയായ ഒരു പ്രണയിനിയായി അവരെ വിശേഷിപ്പിച്ചെങ്കിലും. പുരുഷന്‍റെ കാമം തീര്‍ക്കാനുള്ള ഉപകരണമായി സ്ത്രീ ശരീരത്തെ കാണുന്ന രീതിയെ അവര്‍ ഓരോ രചനയിലും രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.സഹായം തേടിയെത്തിയ സ്ത്രീകളായും, ചുറ്റും കാണുന്ന പീഡിത മുഖങ്ങളായും അവര്‍ ഓരോ കഥയിലും സ്വയം കഥാപാത്രമായി. സഹായിച്ചവര്‍ ആവശ്യത്തിനു ശേഷം പറ്റിച്ചു കടന്നു കളയുന്നത് മാത്രമായിരുന്നു ആയമ്മയെ വേദനിപ്പിച്ചത്. സ്വന്തം കൈയില്‍ കിടന്ന സ്വര്‍ണ വളയും കാറും ഉള്‍പ്പെടെ സഹായം കൈപ്പറ്റിയവര്‍ നിരവധിയാണ്.
നീര്‍മാതളം പൂത്തകാലത്തില്‍ മാധവിക്കുട്ടി പറഞ്ഞു:
'പ്രകടമാക്കാനാവാത്ത സ്‌നേഹം നിരര്‍ത്ഥകമാണ്. പിശുക്കന്‍റെ ക്ലാവുപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും' ഈ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതായിരുന്നു ആയമ്മയുടെ ജീവിതം.
മാധവിക്കുട്ടി രചിച്ച അനശ്വര വസന്തങ്ങളാണ്‌ഇന്നും പല സ്ത്രീകള്‍ക്കും ദുരിതത്താഴ്വരയില്‍ പ്രതീക്ഷയാകുന്നത് . അവർ മെനഞ്ഞ നീർമാതളങ്ങൾ പ്രത്യാശയുടെ തുരുത്തുകളിലേക്ക് കൈപിടിച്ചുകൊണ്ടുപോകുന്നു. സ്നേഹം നിറഞ്ഞ മറ്റൊരു ലോകം മലര്‍ക്കെ തുറന്ന് അവര്‍ നമ്മെ ആവോളം ആശ്വസിപ്പിക്കുന്നു.
മാധവിക്കുട്ടിയുടെ മതം
പ്രേമമായിരുന്നു...
സ്നേഹമായിരുന്നു...
കാരുണ്യമായിരുന്നു....
“കൃഷ്ണാ, നീ വെറും കിനാവെന്ന്
ഈ രാധ വിശ്വസിച്ചില്ല.
നിന്‍റെ കരവലയത്തിൽ ഒതുങ്ങിയപ്പോൾ
ഋതുക്കൾ മാറുന്നതും ഇലകൾ കൊഴിയുന്നതും
മഞ്ഞുവീഴുന്നതും ഞാൻ അറിഞ്ഞതുമില്ല.
എന്നിൽ വസന്തം നിറഞ്ഞു നിന്നു
നിത്യവും അനശ്വരവുമായ പ്രേമം”
എന്നെഴുതുവാൻ സുരയ്യയായി മാറിയ ശേഷവും മാധവിക്കുട്ടിക്ക് കഴിഞ്ഞു
മതം മാറിയെങ്കിലും കൃഷ്ണന്‍റെ രാധ തന്നെയായിരുന്നു അപ്പോഴും ആയമ്മയെന്നെനിക്കു മനസിലായി...വെള്ളത്തുണിയില്‍ പൊതിഞ്ഞ കൃഷ്ണന്‍ അപ്പോഴും കിടപ്പുമുറിയില്‍ ഒളിച്ചിരുന്നു.
"അമ്മയ്ക്ക് ഇപ്പോഴും കൃഷ്ണനുമായി....." ഞാന്‍ മുഴുമിപ്പിക്കും മുന്‍പ് നേര്‍ത്ത ചിരിയോടെ അമ്മ പറഞ്ഞു
"ഞാന്‍ വസ്ത്രം മാറ്റിയതു പോലെ കണ്ണനും രൂപം മാറി എന്‍റൊപ്പം പോന്നു. എന്നെ വിട്ട് കണ്ണനെവിടെപ്പോകാന്‍...കണ്ണനില്ലാതെ ഞാനുണ്ടോ..?"
മതങ്ങള്‍ക്കതീതമാണ് തന്‍റെ ജീവിതമെന്ന് ആയമ്മ കാണിച്ചു തരികയായിരുന്നു....മത തീവ്ര വാദികളെപ്പേടിച്ച് ആയമ്മ പര്‍ദയില്‍ കുടുങ്ങിക്കിടക്കുകയാണെന്നെനിക്ക് ബോധ്യായി...കിടപ്പുമുറിയില്‍ മാത്രമേ പിന്നീട് പര്‍ദയുടെ മറവില്ലാതെ കണ്ണന്‍റെ മാത്രം രാധയായി അവര്‍ രൂപാന്തരപ്പെട്ടുള്ളൂ. 68 വയസുണ്ടായിരുന്നു അപ്പോള്‍. ആ പ്രായത്തിലും ഇത്രമാത്രം പ്രണയിനിയാകാന്‍ എങ്ങിനെ കഴിയുമെന്ന് ഞാന്‍ അത്ഭുതപ്പെട്ടു.
മറ്റൊരിക്കല്‍ ഞാന്‍ എത്തുമ്പോള്‍ കനേഡിയന്‍ എഴുത്തുകാരി മെറിലി വെയ്സ് ബോര്‍ഡും അമ്മയ്ക്കൊപ്പം ഉണ്ടായിരുന്നു. ആ ദിവസം മുഴുവന്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു... മലയാളം പറയുന്ന അതേ ഒഴുക്കില്‍ ആംഗലേയവും ആയമ്മയ്ക്കു വഴങ്ങുന്നത് കൊതിയോടെ ഞാന്‍ കേട്ടിരുന്നു. ( മെറിലിയാണ്
‘The Love Queen of Malabar’ എന്ന കമലാ സുരയ്യയുടെ ആത്മകഥ രചിച്ചിരിക്കുന്നത്. )
ഒരിക്കലും വറ്റാത്ത പാലരുവിപോലെ കളകളാരവം മുഴക്കി മനസിനു കുളിര്‍മ പകരുന്ന അനുഭവമായിരുന്നു അമ്മയ്ക്കൊപ്പമുള്ള നിമിഷങ്ങളെല്ലാം. ഇടയ്ക്കൊന്നു നിര്‍ത്തി വീണ്ടും അതേ വേഗത്തില്‍ ഊര്‍ജപ്രവാഹമായി മാറുന്ന ആ സംസാരം ഇന്നും എന്നില്‍ അലയടിച്ചുകൊണ്ടിരിക്കുന്നു; ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളായി.
പ്രണയത്തിന്‍റെ ആ നീലാംബരി മണ്‍മറഞ്ഞിട്ട്എട്ട് വര്‍ഷം പൂര്‍ത്തിയാകാറാകുമ്പോഴും
ഓരോ ദിനവും കൂടുതല്‍ പ്രണയാര്‍ദ്രമായി മലയാള മനസില്‍, പ്രത്യേകിച്ച് പെണ്‍മനസില്‍ പൂത്തു തളിര്‍ക്കുകയാണ് ആയമ്മ. അതേ മാധവിക്കുട്ടി , മലയാളത്തിന്‍റെ ആമി...ഇന്നും എന്നും സ്ത്രീ മനസിന്‍റെ ആവേശമാണ്.
(പത്ര പ്രവര്‍ത്തന രംഗത്ത് 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന രേഖാ ബിറ്റ, എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയില്‍ അഞ്ചു വര്‍ഷത്തോളം കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് മാനേജരായി സേവനമനുഷ്ഠിച്ചിരുന്നു.)
#പെണ്ണിടം