13/03/2014
ലക്ഷക്കണത്തിന് കമ്പ്യൂട്ടറുകളെ വരുതിയിലാക്കാന്‍ അമേരിക്കയുടെ 'ഫെയ്‌സ്ബുക്ക് തന്ത്രം'
ഫെയ്‌സ്ബുക്കിന്റെ പേരില്‍ ലോകമെമ്പാടും ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ ഹൈജാക്ക് ചെയ്യാനുള്ള അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) യുടെ നീക്കം പുറത്തുവന്നു. എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട പുതിയ രേഖകളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്‍ എസ് എ നിര്‍മിച്ചതെന്ന് കരുതുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അടക്കമുള്ള രേഖകളാണ് പുറത്തുവന്നത്.
ഫെയ്‌സ്ബുക്കിന്റെ സെര്‍വറുകളെയാണ് ബന്ധപ്പെടുന്നുവെന്ന തോന്നലുളവാക്കി, എന്‍ എസ് എ നിയന്ത്രണത്തിലുള്ള സെര്‍വറുകളിലേക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ എത്തിക്കുന്ന തന്ത്രമാണ് എന്‍ എസ് എ തയ്യാറാക്കിയതെന്ന്, ന്യൂസ് സൈറ്റായ The Intercept ന്റെ റിപ്പോര്‍ട്ട് പറയുന്നു.
ലോകമെങ്ങും ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ നിരീക്ഷിക്കാന്‍ എന്‍ എസ് എ അവലംബിക്കുന്ന പല മാര്‍ഗങ്ങളില്‍ ഒന്നുമാത്രമാണ് 'ഫെയ്‌സ്ബുക്ക് തന്ത്ര'മെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ലാപ്‌ടോപ്പ് കമ്പ്യൂട്ടറില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന ഒരാളാണ് വീഡിയോയിലുള്ളത്. ഫെയ്‌സ്ബുക്ക് പേജിലെത്താന്‍ അയാള്‍ ശ്രമിക്കുമ്പോള്‍ , ആ അഭ്യര്‍ഥന എന്‍ എസ് എ കമ്പ്യൂട്ടര്‍ മനസിലാക്കുകയും, ഫെയ്‌സ്ബുക്കില്‍നിന്നുള്ളതെന്ന വ്യാജേന ലാപ്‌ടോപ്പിലേക്ക് ഡേറ്റ അയയ്ക്കുകയും ചെയ്യുന്നു.
ലാപ്‌ടോപ്പ് ഉപയോഗിക്കുന്നയാള്‍ കരുതുന്നത്, താന്‍ ഫെയ്‌സ്ബുക്ക് പേജാണ് ഡൗണ്‍ലോഡ് ചെയ്യുന്നത് എന്നാണ്. യഥാര്‍ഥത്തില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത്, എന്‍ എസ് എ കമ്പ്യൂട്ടറില്‍നിന്നുള്ള ഒരു വൈറസ് പ്രോഗ്രാമാണ്. ആ വൈറസിന്റെ സഹായത്തോടെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയിലേക്ക് അയയ്ക്കപ്പെടുന്നു.
ഈ തന്ത്രം ഏതെങ്കിലും ഫെയ്‌സ്ബുക്ക് യൂസര്‍മാര്‍ക്കെതിരെ എന്‍ എസ് എ പ്രയോഗിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന്, ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതല്‍ അധിക സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ , എന്‍ എസ് എ യുടെ തന്ത്രം ഇപ്പോള്‍ വിലപ്പോവില്ലെന്നും വക്താവ് അറിയിച്ചു.
'ഫെയ്‌സ്ബുക്ക് തന്ത്ര'മുപയോഗിച്ച് എത്ര പേരെ എന്‍ എസ് എയ്ക്ക് വരുതിയിലാക്കാന്‍ കഴിഞ്ഞുവെന്ന കാര്യവും വ്യക്തമല്ല.
ഫെയ്‌സ്ബുക്കിന്റെ പേരില്‍ ലോകമെമ്പാടും ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ ഹൈജാക്ക് ചെയ്യാനുള്ള അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) യുടെ നീക്കം പുറത്തുവന്നു. എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട പുതിയ രേഖകളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.