31/03/2020
കാര്യം കറുത്ത കനലിൽ, കറുത്ത കല്ലിൽ ജനിച്ചു വളർന്ന കുട്ടി ആണെങ്കിലും പൊറോട്ട ആളൊരു സുന്ദരിയാ....
ശനിയാഴ്ച്ചത്തെ ട്യൂഷൻ കഴിയുന്നത് ഒരു പ്രതേയ്ക്ക സമയത്താണ്, നട്ടുച്ച, വിശപ്പിന്റെ വിളി വരുന്ന സമയം, വന്നില്ലെങ്കിലും വിളിച്ചുണർത്തുന്ന സമയം.. പിന്നെ ഈ ട്യൂഷൻ പൊക്കിന്റെ പ്രധാന ഉദ്ദേശ്യം സൂര്യ ബേക്കറിയിലെ മൂന്ന് രൂപക്ക് കിട്ടുന്ന സമൂസയും പൗർണമി ഹോട്ടലിലെ നാല് രൂപയുടെ പൊറോട്ടയും ആയതുകൊണ്ട് ആ പോക്ക് ഒരു വൃതം പോലെ അങ്ങനെ നടന്നു.
"-ചേട്ടാ മൂന്ന് പേർക്ക് രണ്ട് പൊറോട്ട വച്ചു പാഴ്സൽ, പിന്നെ സാമ്പാറും"
അന്നൊക്കെ പൊറോട്ടക്ക് സാമ്പാറിനപ്പുറത്ത് മറ്റൊരു കറിയെ പറ്റി ചിന്തിക്കുന്ന കാര്യം പോലും ആലോചിച്ചിട്ടില്ല.
കാര്യം കയ്യിൽ ഒരു പൊറോട്ട വാങ്ങാനുള്ള കാശ് മാത്രേ ഉണ്ടാവുകയുള്ളൂ എങ്കിലും ഒരെണ്ണം പാർസൽ പറഞ്ഞാൽ ആ ഷർട്ട് ഇടാത്ത, കുടവയറിൽ ചാരി നിർത്തിയ രുദ്രാക്ഷ മാലയിട്ട ചെറിയ കഷണ്ടി ഉള്ള അപ്പാപ്പൻ ഒരു തൂശനില്ല മുറിച്ചിട്ട് അതിനിമേൽ കുറച്ചു സാമ്പാറും ഒഴിച്ചു തരും.. നമുക്കേ, അതു പോരാ, കവറിൽ തന്നെ കിട്ടണം,.. അതിങ്ങനെ വടക്കേ കോർട്ടിലെ മത്തായി ചേട്ടന്റെ,കൊക്കോയുടെ ചോല അടിക്കുന്ന പുല്ലുള്ള ഭാഗത്ത് ഇരുന്ന്, കവറിൽ ഇട്ടിരിക്കുന്ന റബ്ബർ ബാൻഡ് ആക്രാന്തത്തോടെ വലിച്ചൂരി മാറ്റി നെരത്തി വച്ച പൊറോട്ടയുടെ മോളിലേക്ക് അങ് ഒഴിക്കണം..! ആഹാ, ആ താക്കളിയുടെയും ഉരുള കിഴങ്ങിന്റെയും കിടപ്പ് കണ്ടോ..!!
അങ്ങനെ നമ്മുടെ പൊറോട്ട - സാമ്പാർ പ്രണയ കഥ ഇവിടെ തുടങ്ങാണ് സൂർത്തുക്കളെ, തുടങ്ങാണ്. 12 കാലിനുള്ള ബസ് മിസ്സാക്കി 2 മണിക്കുള്ള ബസ്സിന് പോകാൻ നോക്കുന്നതും, ദൂരദർശനിലെ രാവിലത്തെ 'ഗലി ഗലി സിം സിം' മിസ്സാക്കി ട്യൂഷന് വരുന്നതും ഇവരെ ഒന്നിപ്പിക്കാൻ വേണ്ടിയാണ് .. ഹി ഹി
കാര്യം ബീഫിനെ വച്ചു നോക്കുമ്പോൾ സാമ്പാർ ആളൊരു ദരിദ്രവാസി ആണെന്ന് പ്രഥമ ദൃഷ്ടിയിൽ തോന്നുമെങ്കിലും സംഭവം അങ്ങനെ അല്ലെന്നെ. ബീഫിന്റെ കൂടെ ഇച്ഛിർക്ക് ഉള്ളിയും മല്ലിയും മുളകും ഇഞ്ചിയും മാത്രേ കാണു, പക്ഷെ സാമ്പാർ അങ്ങനെ അല്ല, വടക്കൻ വീട്ടിൽ കുഞ്ഞുഞ്ഞിനെ പോലെ.. അംഗ ബലം കൊണ്ടും ആയുധ ബലം കൊണ്ടും മംഗലത്ത് വീട്ടുകാരെ തോൽപ്പിക്കാൻ ആവില്ല മക്കളെ... (വടക്കൻവീട്, ചുമ്മാ വിട്ട് പിടി)
അവനിങ്ങനെ ഉള്ളിയും, ചേനയും, കുമ്പളങ്ങയും, മല്ലിയും, കായവും,മുരിങ്ങാ കോലും കോലില്ലാത്ത വേണ്ടക്കയും, ഉരുള കിഴങ്ങും പരിപ്പും, തക്കാളിയും എല്ലാം ചേരുന്ന വലിയ കുടുംബത്തിന്റെ സന്തതി അല്ലെ... അവരങ്ങനെ സ്നേഹിച്ചോട്ടെ ഭായ്..
പ്രണയത്തിന്റെ കാര്യത്തിൽ ഞാൻ ആൻ ഡെമോക്രാറ്റിക് ആണെന്ന് ഇനി ആരും പറയില്ലലോ,..ലെ..
ഹാ... അവരിപ്പോഴേക്കും കുതിർന്ന് ഒറ്റ ജീവാത്മാവും പരമാത്മാവും ആയി മാറിയട്ടുണ്ടാകും.. ആം ബാക്കി റോമാൻസൊക്കെ എന്റെ വയറ്റിൽ ചെന്നിട്ട്..
നിനക്ക് സ്റ്റാർ വാല്യു ഇല്ലെങ്കിലും എനിക്ക് നല്ല വിശപ്പുണ്ട്... ഒക്കെ ബൈ